വാഷിങ്ടൻ ∙ കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി യുഎസിൽ നിലവിലുള്ള ദേശീയ അടിയന്തരാവസ്ഥയും ആരോഗ്യ അടിയന്തരാവസ്ഥയും മേയ് 11 ന് അവസാനിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഇതോടെ കോവിഡ്കാല ആശ്വാസപദ്ധതികളും വാക്സീൻ ഉൽപാദനം ഫെഡറൽ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയതും അവസാനിക്കും.

ഡോണൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ 2020 മാർച്ചിലാണ് ആദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2021 ൽ ബൈഡൻ അധികാരത്തിലെത്തിയശേഷം ഇത് പലവട്ടം നീട്ടി. എന്നാൽ, കഴിഞ്ഞ വർഷത്തെക്കാൾ മെച്ചപ്പെട്ട അവസ്ഥയാണ് ലോകമെങ്ങും ഇപ്പോഴുള്ളതെങ്കിലും കോവിഡ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.