
പെഷാവർ നഗരത്തിലെ മുസ്‌ലിം പള്ളിയിൽ പ്രാർഥനയ്ക്കിടെ നടന്ന ചാവേർ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 87 ആയി. ഉച്ചകഴിഞ്ഞ് 1.40 ന് പോലീസുകാരും ബോംബ് സ്ക്വാഡും ഉൾപ്പെടെ പ്രാർഥനയിൽ മുഴുകിയിരിക്കെ, മുൻനിരയിലുണ്ടായിരുന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിൽ മസ്ജിദിന്റെ ഒരു ഭാഗം തകർന്നുവെന്നും നിരവധി പേർ അതിനടിയിൽ കുടുങ്ങിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സ്‌ഫോടനം നടക്കുമ്പോൾ നാനൂറോളം പോലീസ് ഉദ്യോഗസ്ഥർ പ്രദേശത്ത് ഉണ്ടായിരുന്നു.
ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സംഭവത്തിന് പിന്നിലുള്ള അക്രമികൾക്ക് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുൻപുള്ള ആക്രമണം ഗൂഢലക്ഷ്യങ്ങളോടെയുള്ളതാണെന്ന് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പ്രതികരിച്ചു. ഭീകരാക്രമണത്തെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശക്തമായി അപലപിച്ചു. ഇസ്‌ലാമാബാദ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി.