ന്യൂയോർക്ക് ∙ യുഎസിലെ മോണ്ടാനയിൽ ചൈനീസ് ചാരബലൂൺ കണ്ടെത്തിയതായി യുഎസ് അധികൃതർ. 3 ബസുകളുടെ വലുപ്പം വരുന്ന ഈ ചാരബലൂൺ വെടിവച്ചിടാൻ യുദ്ധവിമാനങ്ങൾ ഒരുക്കിയെങ്കിലും അവശിഷ്ടങ്ങൾ സുരക്ഷാപ്രശ്നമുണ്ടാക്കാമെന്ന് സൈനിക ഉപദേഷ്ടാക്കൾ അറിയിച്ചതിനെ തുടർന്ന് പ്രസിഡന്റ് ജോ ബൈഡൻ അത് വേണ്ടെന്ന് നിർദേശം നൽകി.

മോണ്ടാനയിലെത്തുന്നതിന് മുൻപ് കാനഡയിലും ബലൂൺ കണ്ടിരുന്നതായി അവിടത്തെ പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. ബലൂൺ ഇപ്പോൾ വിമാനപാതകൾക്കും മുകളിൽ 80,000 മുതൽ ഒരു ലക്ഷം വരെ അടി ഉയരത്തിൽ സഞ്ചരിക്കുകയാണ്. യുഎസ് യുദ്ധവിമാനങ്ങൾ ഇതിനെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

കാര്യങ്ങൾ ചൈനീസ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് യുഎസ് വൃത്തങ്ങൾ വെളിപ്പെടുത്തി. കാലാവസ്ഥ, ശാസ്ത്ര നിരീക്ഷണങ്ങൾക്കാണ് ഈ ബലൂൺ ഉപയോഗിക്കുന്നതെന്ന് ചൈന പ്രതികരിച്ചിട്ടുണ്ട്.