റോം . തെക്കന്‍ ഇറ്റാലിയന്‍ തീരത്ത് നൂറിലേറെ അഭയാര്‍ത്ഥികളുമായെത്തിയ ബോട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ 58 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ 12 കുട്ടികളും ഉള്‍പ്പെടുന്നു. 80 പേരെ രക്ഷപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ കലാബ്രീയ മേഖലയില്‍ ക്രോട്ടോണ്‍ നഗരത്തിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്.

മോശം കാലാവസ്ഥയില്‍ കടല്‍ പ്രക്ഷുബ്ദമായിരുന്നു. ഇതേ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ബോട്ട് കരയിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിനിടെ കൂറ്റന്‍ പാറയിലിടിച്ച്‌ രണ്ടായി പിളരുകയായിരുന്നു. ഇറ്റാലിയന്‍ അധികൃതര്‍ കടല്‍ തീരത്ത് തിരച്ചിൽ നടത്തുകയാണ്.

ഇറാന്‍, ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ബോട്ടിലുണ്ടായിരുന്നതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി.