യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി പറഞ്ഞു. റഷ്യന്‍ അധിനിവേശത്തിന്റെ ഒരുവര്‍ഷം പിന്നിടുമ്പോഴാണ് സെലന്‍സ്കി തന്റെ നിലപാട് വ്യക്തമാക്കിയത്.

ചൈന റഷ്യയ്ക്ക് യുദ്ധത്തിനായുള്ള ആയുധം നല്‍കില്ലെന്ന് വിശ്വസിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സെലെന്‍സ്‌കി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍, സമാധനപരമായ ചര്‍ച്ച മാത്രമാണ് യുക്രെയ്ന്‍ പ്രതിസന്ധിക്ക് പ്രായോഗികമായ ഏക പരിഹാരമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ 12 പോയിന്റ് നിര്‍ദേശങ്ങളില്‍ റഷ്യ യുക്രെയ്നില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് പ്രത്യേകം പറയുന്നില്ല. ചൈനയുടെ സമാധാന നിര്‍ദേശങ്ങളെ റഷ്യ പ്രശംസിച്ചിരുന്നു.