വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാൻ മത്സരിക്കുമെന്ന് മലയാളി വേരുകളുള്ള വിവേക് രാമസ്വാമി (37) പ്രഖ്യാപിച്ചു. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്ത്യൻ വംശജയായ മുൻ യുഎൻ അംബാസഡർ നിക്കി ഹേലിയുമാണ് നിലവിൽ മത്സരരംഗത്തുള്ളത്.

ഫോബ്സ് യുവസമ്പന്നപ്പട്ടികയിൽ ഇടം പിടിച്ച ബയോടെക് സംരംഭകനും ബെസ്റ്റ് സെല്ലർ എഴുത്തുകാരനും പ്രഭാഷകനുമാണ് ഒഹായോയിൽ ജനിച്ചുവളർന്ന വിവേക് രാമസ്വാമി. തൃപ്പൂണിത്തുറ സ്വദേശി ഗീതയും പാലക്കാട് വടക്കാഞ്ചേരി സ്വദേശി വി.ജി.രാമസ്വാമിയുമാണ് മാതാപിതാക്കൾ. യുഎസിലെ വംശീയതയുമായി ബന്ധപ്പെട്ട സങ്കീർണപ്രശ്നങ്ങൾക്ക് അമിതപ്രാധാന്യം നൽകുന്നതിനെതിരെ ശബ്ദമുയർത്തിയും ശ്രദ്ധേയനായി. ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥിയായി പ്രസിഡന്റ് ജോ ബൈഡൻ വീണ്ടും മത്സരിക്കുമെന്നും താനും ഒപ്പമുണ്ടാകുമെന്നും വൈസ് പ്രസിഡന്റ് കമല ഹാരിസ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.