മോസ്കോ ∙ യുഎസുമായുള്ള ‘ന്യൂ സ്റ്റാർട്ട്’ അണ്വായുധ നിയന്ത്രണക്കരാറിൽനിന്ന് റഷ്യ പിന്മാറുന്നതായി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു. യുഎസ് അണുപരീക്ഷണം പുനരാരംഭിച്ചാൽ റഷ്യയും നടത്തുമെന്ന് പുട്ടിൻ‌‌‌‌‌‌‌ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഒരു വർഷം തികയുന്ന യുക്രെയ്ൻ യുദ്ധം ശക്തമായി തുടരുമെന്ന് രാഷ്ട്രത്തോടുള്ള പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച യുക്രെയ്നിന് ഐക്യദാർഢ്യവുമായി തലസ്ഥാനമായ കീവ് സന്ദർശിച്ചിരുന്നു. യുക്രെയ്നിന് 50 കോടി ഡോളറിന്റെ കൂടി ആയുധ സഹായവും പ്രഖ്യാപിച്ചിരുന്നു. അതിനിടെ, ചൈന വിദേശകാര്യ മന്ത്രി വാങ് യീ മോസ്കോയിലെത്തി. റഷ്യ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. യുക്രെയ്നിൽ പോരാട്ടം ശക്തമായി തുടരുകയാണ്. തെക്കൻ നഗരമായ ഖേഴ്സനിൽ റഷ്യൻ മിസൈലാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു.