ലണ്ടൻ ∙ ധനമന്ത്രി ആയിരുന്നപ്പോൾ തനിക്കെതിരായ നികുതി അന്വേഷണം നിർത്തിവയ്പിച്ച കൺസർവേറ്റിവ് പാർട്ടി അധ്യക്ഷനും വകുപ്പില്ലാ മന്ത്രിയുമായ നദീം സഹാവിയെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് മന്ത്രിസഭയിൽനിന്ന് പുറത്താക്കി. നികുതി സംബന്ധമായി ഹിസ് മജസ്റ്റിസ് റവന്യു ആൻഡ് കസ്റ്റംസ് (എച്ച്എംആർസി) അന്വേഷണവിവരം മറച്ചുവെച്ചാണ് സഹാവി മന്ത്രി ആയതെന്ന ആരോപണത്തിൽ സുനക് സർക്കാർ നിയോഗിച്ച അന്വേഷണസമിതിയുടെ കണ്ടെത്തലിനെ തുടർന്നാണ് പുറത്താക്കൽ.

കഴിഞ്ഞ ജൂലൈയിൽ സുനക് ധനമന്ത്രി സ്ഥാനം രാജിവെച്ചപ്പോഴാണ് ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ഇറാഖി വംശജനായ സഹാവി ധനമന്ത്രി ആയത്. 2000ത്തിൽ ആരംഭിച്ച സഹാവിക്ക് പങ്കാളിത്തമുള്ള അഭിപ്രായ വോട്ടെടുപ്പ് സ്ഥാപനമായ ‘യൂഗവി’ലെ ഓഹരികളുമായി ബന്ധപ്പെട്ടുള്ള നികുതിവകുപ്പ് അന്വേഷണമായിരുന്നു സഹാവി മൂടിവച്ചത്. ധനമന്ത്രി പദവി ദുരുപയോഗപ്പെടുത്തി അന്വേഷണം സഹാവി അവസാനിപ്പിച്ചതായും ആരോപണമുണ്ടായി. വിവാദമായതോടെ സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിയോഗിക്കാൻ സുനക് സർക്കാർ നിർബന്ധിതരാകുകയായിരുന്നു.