ശമ്പളവർധന ആവശ്യപ്പെട്ട് ജീവനക്കാര്‍ സമരത്തിനിറങ്ങിയത് തുടര്‍ന്ന് ലുഫ്താന്‍സയ്ക്ക് റദ്ദാക്കേണ്ടി വന്നത് 1200 വിമാന സര്‍വീസുകള്‍. ഫ്രാങ്ക്ഫര്‍ട്, മ്യൂണിക് തുടങ്ങിയ ഹബുകളിലെ മുഴുവന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. നേരത്തെ സാങ്കേതിക തകരാര്‍ മൂലം ലുഫ്താന്‍സയുടെ സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിലാളികളുടെ സമരവും.

സര്‍വീസുകള്‍ റദ്ദാക്കുന്ന വിവരം ലുഫ്താന്‍സ വക്താവ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ജീവനക്കാര്‍ സംഘടിതമായി കമ്പനിയെ സമ്മര്‍ദത്തിലാക്കുകയാണ്. എന്നാല്‍, ഇതിന് ഫലമുണ്ടാവില്ലെന്നും ലുഫ്താന്‍സ വക്താവ് അറിയിച്ചു. വിമാനസര്‍വീസുകള്‍ മുടങ്ങിയത് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. യാത്ര മുടങ്ങിയവര്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്ലാത്തവര്‍ക്ക് ഭക്ഷണകൂപണുകള്‍ ഉള്‍പ്പെടെ വിതരണം ചെയ്തിട്ടുണ്ടെന്നും ലുഫ്താന്‍സ വ്യക്തമാക്കി.