അബുദാബി . റെഡ് സിഗ്നല്‍ മറികടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അബുദാബി. 51,000 ദിര്‍ഹമാണ് നിയമലംഘകര്‍ക്കെതിരെ ചുമത്തുന്ന പിഴ. 12 ബ്ലാക് പോയിന്റ്, 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുക, 6 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുക എന്നിവയാണ് ശിക്ഷയെങ്കിലും കണ്ടുകെട്ടിയ വാഹനം തിരിച്ചെടുക്കണമെങ്കില്‍ 50,000 ദിര്‍ഹം വേറെയും നല്‍കണമെന്നാണ് അധികൃതര്‍ നല്‍കുന്നത്.

3 മാസത്തിനകം തിരിച്ചെടുത്തില്ലെങ്കില്‍ വാഹനം ലേലം ചെയ്യും. നിയമലംഘനവും അപകടവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികളെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമലംഘകരെ മൊബൈല്‍ സന്ദേശം വഴി അറിയിച്ചതിന് ശേഷം പത്രങ്ങളില്‍ പരസ്യം ചെയ്തിട്ടായിരിക്കും വാഹനങ്ങള്‍ ലേലം ചെയ്യുക.

വാഹനത്തിന് പിഴയെടുക്കാനുള്ള മൂല്യം ഇല്ലെങ്കില്‍, ലേലത്തില്‍ ലഭിക്കുന്ന തുക കുറച്ച് ബാക്കി പണം വാഹന ഉടമയുടെ പേരില്‍ ബാധ്യതയായി ട്രാഫിക് ഫയലില്‍ കിടക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.