
2024ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിക്കാന്‍ മലയാളിയായ ഇന്ത്യന്‍ വംശജനും. ബയോടെക് സംരംഭകനും ഫാര്‍മസി മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളുമായ വിവേക് രാമസ്വാമി എന്ന 37കാരനാണ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിനുള്ള ശ്രമം ആരംഭിച്ചത്. അതേസമയം അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് നിക്കി ഹേലിയും അറിയിച്ചു . 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ സൗത്ത് കരോലിന ഗവര്‍ണര്‍ കൂടിയായ നിക്കി ഹേലി അറിയിച്ചത് ട്വിറ്ററിലൂടെയാണ്
ബുധനാഴ്ച പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിനായി നിക്കി ഹാലി പ്രചാരണം ആരംഭിച്ചിരുന്നു. ഇതിനൊപ്പം തന്നെയാണ് വിവേക് രാമസ്വാമിയുടെ രംഗപ്രവേശനവും. ഇയോവ സംസ്ഥാനത്തുനിന്നാണ് വിവേക് പ്രചാരണം ആരംഭിക്കുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിത്വത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശ്രദ്ധ നേടാനുള്ള ശ്രമമല്ലെന്നും വിവേക് രാമസ്വാമി വ്യക്തമാക്കി.
ട്രംപ് മത്സരിക്കുകയാണെങ്കില്‍ താന്‍ സ്ഥാനാര്‍ഥിയാവില്ലെന്ന മുന്‍ നിലപാട് തിരുത്തിയാണ് നിക്കി ഹേലി തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് ഇറങ്ങിയിരിക്കുന്നത്. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്‍റായ ജോ ബൈഡന് (80) മറ്റൊരു ഊഴം നല്‍കരുതെന്നും നിക്കി പറഞ്ഞു.