തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘പൊന്നിയിന്‍ സെല്‍വന്‍ 2’. ഈ വര്‍ഷം ഏപ്രില്‍ 28ന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റിലീസിനെ കുറിച്ചുള്ള ആശങ്കളും റിലീസ് നീളുമെന്ന പ്രചാരണങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സാങ്കേതിക കാരണങ്ങളാലാണ് റിലീസ് നീളുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രതികരിച്ചിരിക്കുകയാണ് സിനിമയുടെ അടുത്ത വൃത്തങ്ങള്‍. പൊന്നിയിന്‍ സെല്‍വന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. നേരത്തെ പറഞ്ഞത് പോലെ സിനിമ ഏപ്രില്‍ 28ന് തന്നെ റിലീസ് ചെയ്യും. സിനിമയുടെ പ്രമോഷനായി ചില പദ്ധതികള്‍ ഉള്ളതിനാല്‍ നിര്‍മ്മാതാക്കള്‍ ഉടന്‍ തന്നെ ഒരു സര്‍പ്രൈസ് പ്രഖ്യാപനവുമായി വരും. അതുകൊണ്ട് തന്നെ ചിത്രം മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെറും അഭ്യൂഹം മാത്രമാണ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്. ചിയാൻ വിക്രം, ഐശ്വര്യ റായ് ബച്ചൻ, തൃഷ, കാർത്തി, ജയം രവി എന്നിവരുൾപ്പെടെയുള്ള താരനിരയാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. പ്രകാശ് രാജ്, ജയറാം, ശരത്കുമാർ, പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, വിക്രം പ്രഭു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.