നടൻ, സംവിധായകൻ, ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ മലയാള സിനിമയിലെ സകലകലാ വല്ലഭനാണ് വിനീത് ശ്രീനിവാസൻ. പൊതുപരിപാടികളിൽ പാട്ടുപാടി ആരാധകരെ കയ്യിലെടുക്കാറുമുണ്ട് അദ്ദേഹം. ഇപ്പോഴിതാ ഗാനമേളയ്ക്ക് ശേഷം സ്റ്റേജില്‍ നിന്നും ഇറങ്ങി ഓടി തന്റെ വണ്ടിയിലേക്ക് കയറുന്ന വിനീതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഗാനമേള മോശമായതിനാൽ ഗായകൻ ഇറങ്ങിയോടിയെന്ന് സോഷ്യൽമീഡിയയിൽ ഇത് പരക്കുകയും ചെയ്തു. എന്നാൽ യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് തിരക്കഥാകൃത്തായ സുനീഷ് വരനാട്. വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു.രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും,സംഘവും നടത്തിയത്. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും,ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. ഒട്ടേറെപ്പേരാണ് വിനീത് ശ്രീനിവാസനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.  ഇത് പോലൊരു സെലിബ്രിറ്റിയെ കൊണ്ട് വരുമ്പോൾ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണം. അവരെ സുരക്ഷിതമായി യാത്രയാക്കാനും മറ്റും കൂടെയുണ്ടാവണം. ഇതൊന്നും ഉണ്ടായില്ല. പിന്നെ നമ്മുടെ നാട്ടുകാരുടെ പെരുമാറ്റം, ഒരു സെലിബ്രിറ്റി ആയാലും മനുഷ്യൻ ആണ് എന്ന തിരിച്ചറിവ് ഉണ്ടാവണം’- എന്ന് തുടങ്ങിയ കമന്റുകളും പോസ്റ്റിന് ലഭിച്ചു.