
തമിഴ് സിനിമയെ സംബന്ധിച്ച് ഇത്തവണത്തെ പൊങ്കല്‍ പ്രത്യേകതകളുള്ള ഒന്നായിരുന്നു. കോളിവുഡിലെ ഏറ്റവും പ്രധാന സീസണില്‍ അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സൂപ്പര്‍താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുമിച്ചെത്തി എന്നതായിരുന്നു പ്രത്യേകത. വിജയ്‍യെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രം വാരിസും അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത ആക്ഷന്‍ ഹെയ്സ്റ്റ് ചിത്രം തുനിവും. ഇതില്‍ തുനിവിനേക്കാള്‍ കളക്ഷന്‍ നേടിയത് വാരിസ് ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് വിജയ് ചിത്രം.
ജനുവരി 11 ന് ലോകമെമ്പാടും തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനകം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഫെബ്രുവരി 6 ന് നിര്‍മ്മാതാക്കള്‍ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും തിയറ്ററുകളില്‍ തുടരുന്ന ചിത്രം കളക്ഷനില്‍ വീണ്ടും മുന്നോട്ടുപോയതായാണ് വിവരം. ട്രേഡ് അനലിസ്റ്റുകള്‍ അറിയിക്കുന്നതനുസരിച്ച് ചിത്രം നിലവില്‍ 310 കോടിയിലേറെ നേടിയിട്ടുണ്ട്. ഇത് ശരിയെങ്കില്‍ വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് ചിത്രം. നിലവില്‍ ഒരു വിജയ് ചിത്രത്തിന്‍റെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ ബിഗിലിന്‍റെ പേരിലായിരുന്നു. 305 കോടിയായിരുന്നു ബിഗിലിന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍.