
തിരുവനന്തപുരം: നിയമസഭാ ബഹളത്തിൽ വാദി പ്രതിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്ന് സഭയിൽ സഭാനടപടികൾ ആരംഭിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഒമ്പത് മിനിറ്റിന് ശേഷം നിർത്തിവെക്കേണ്ടി വന്നു. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടർന്നാണ് ബഹളം രൂക്ഷമായത്. നിയമസഭ പിരിഞ്ഞ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ
‘ഇന്നലെ രാവിലെ എട്ടിന് സർവകക്ഷിയോഗം വിളിച്ചപ്പോൾ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത് വെളുപ്പിന് രണ്ടരയോടെയാണ്. പാതിരാത്രി കള്ളക്കേസുകൾ രജിസ്റ്റർ ചെയ്ത് എട്ടുമണിക്ക് സർവകക്ഷിയോഗം വിളിക്കുന്നതിലെ കാപട്യമാണ് ഇപ്പോൾ എല്ലാവർക്കും വ്യക്തമാകുന്നത്. ഒത്തുതീർപ്പാക്കാനല്ല പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാനാണ് സർവകക്ഷിയോഗം വിളിച്ചത്. വാദികളായ പ്രതിപക്ഷ എംഎൽഎമാരെയാണ് സർക്കാർ കുറ്റപ്പെടുത്തുന്നത്. കെ കെ രമയുടെ പരാതിയിൽ കേസെടുത്തിട്ടില്ല. അവരുടെ ഒരു പ്രവർത്തനത്തിലും സർക്കാരുമായി സഹകരിക്കില്ല. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം ഇവിടെ വിലപ്പോകില്ല എന്നും അദ്ദേഹം പറഞ്ഞു.