സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ഇളവ് നൽകണമെന്ന് ഉണ്ണി മുകുന്ദൻ. ഈ മാസം 17ന് കേസിൽ വിശദമായ വാദം കേൾക്കാനിരിക്കേയാണ് ഉണ്ണി മുകുന്ദൻ ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം ഒമ്പതിനാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദനെതിരായ സ്റ്റേ നീക്കിയത്. കേസ് ഒത്തുതീർപ്പായെന്ന സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അഭിഭാഷകൻ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസായിരുന്നു ഇത്. വിദേശ മലയാളിയായ സ്ത്രീ നടൻ ഉണ്ണിമുകുന്ദനെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണിമുകുന്ദൻ മജിസ്ട്രേറ്റ് കോടതിയിലും സെഷൻസ് കോടതിയിലും ഹർജികൾ നൽകിയിരുന്നു. എന്നാൽ രണ്ട് ഹർജികളും കോടതികൾ തള്ളുകയായിരുന്നു. . ഒമ്പതാം തീയതി കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പരാതിക്കാരിയുടെ അഭിഭാഷകൻ വ്യാജ സത്യവാങ്മൂലത്തെക്കുറിച്ച് കോടതിയിൽ വ്യക്തമാക്കുന്നത്. കേസ് ഒത്തുതീർപ്പാക്കിയെന്ന സത്യവാങ്മൂലത്തിൽ ഒപ്പിട്ടിരിക്കുന്നത് തന്റെ കക്ഷിയല്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കുകയായിരുന്നു. കോടതിയിൽ തട്ടിപ്പ് നടന്നിരിക്കുന്നുവെന്ന് ജസ്റ്റിസ് കെ. ബാബു ചൂണ്ടിക്കാണിച്ചു. അതീവ ഗൗരവമുള്ള വിഷയമാണിതെന്നും അന്ന് കോടതി പറഞ്ഞിരുന്നു.