
ഇന്ത്യൻ റെയിൽവേയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ഇത്രയും വലിയ തുക അനുവദിക്കുന്നതെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. 2014ന് ശേഷം റെയിൽവേക്ക് ഏറ്റവും ഉയർന്ന തുക അനുവദിക്കുന്നത് ഈ സാമ്പത്തിക വർഷത്തിലാണെന്നും അവർ വ്യക്തമാക്കി. റെയിൽവേയിൽ സമഗ്ര മാറ്റത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നിലവിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പുതിയ ട്രെയിനുകൾ അനുവദിക്കാനും പദ്ധതിയുണ്ട്. പുതിയ വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കാനും പുതിയ പാതകൾ സ്ഥാപിക്കാനും സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും റെയിൽവേ കേന്ദ്രത്തോട് ഫണ്ട് ആവശ്യപ്പെട്ടിരുന്നു.
റെയിൽവേക്ക് മൂലധനച്ചെലവുകൾക്കായി 1.37 ലക്ഷം കോടി രൂപയും റവന്യൂ ചെലവുകൾക്കായി 3,267 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. മുൻ സാമ്പത്തിക വർഷത്തെ വിഹിതത്തേക്കാൾ 17% വർധനയാണ് റെയിൽവേ ഫണ്ടിലുണ്ടായത്. നടപ്പുവർഷത്തിൽ, ഒക്‌ടോബർ 31-ഓടെ ബജറ്റ് വിഹിതത്തിന്റെ 93% പൂർത്തിയാക്കി. ചരക്ക്, യാത്രക്കാരുടെ വരുമാനത്തിൽ നിന്നുള്ള വരുമാനം 2023 സാമ്പത്തിക വർഷത്തിൽ വർധനവുണ്ടായി. യാത്രക്കാരുടെ വരുമാനം നവംബർ 30 വരെ 76% ഉയർന്നപ്പോൾ ചരക്ക് വരുമാനം 16% ഉയർന്നു. അടുത്ത സാമ്പത്തിക വർഷത്തിലും വരുമാന വർധനവുണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.