പ്രീമിയം വെര്‍ഷനായ ട്വിറ്റര്‍ ബ്ലൂ സേവനത്തിന് നിരക്ക് വര്‍ധിപ്പിച്ച്‌ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍. ട്വിറ്ററില്‍ ബ്ലൂ ടിക് ലഭിക്കണമെങ്കില്‍ ഇനി പ്രതിമാസം 11 ഡോളര്‍ നല്‍കേണ്ടിവരും. ആന്‍ഡ്രായിഡ് ഉപഭോക്താക്കള്‍ക്കുള്ള നിരക്കാണ് വര്‍ധിപ്പിച്ചത്. ഐ ഒ എസ് ഉപഭോക്താക്കള്‍ക്കുള്ള നിരക്ക് നേരത്തെ തന്നെ 11 ഡോളറായി ഉയര്‍ത്തിയിരുന്നു.രാഷ്ട്രീയക്കാര്‍, പ്രശസ്ത വ്യക്തികള്‍, പത്രപ്രവര്‍ത്തകര്‍, മറ്റ് പൊതു വ്യക്തികള്‍ എന്നിവരുടെ വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് മുൻപ് സൗജന്യമായി നല്‍കിയിരുന്ന ബ്ലൂ ടിക്കാണ് ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ പെയിഡ് സബ്സ്ക്രിപ്ഷന്‍ ആക്കിയത്. പണം നല്‍കാന്‍ തയ്യാറുള്ള ആര്‍ക്കും ഇനി ബ്ലൂ ടിക് വെരിഫിക്കേഷന്‍ ലഭിക്കും. വെരിഫൈ ചെയ്ത ശേഷമാകും ബ്ലൂ ടിക് ലഭ്യമാക്കുക.യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, യുകെ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ട്വിറ്റര്‍ ബ്ലൂ പ്ലാന്‍ നിലവില്‍ ലഭ്യമാകുക. ബ്ലൂ പ്ലാന്‍ സബ്സ്ക്രൈബ് ചെയ്യുന്ന ഏതൊരാള്‍ക്കും നീല ടിക് മാര്‍ക്ക് ഒഴികെ ബ്ലൂ പ്ലാന്റെ മറ്റു ഫീച്ചറുകള്‍ ഉടന്‍ ലഭ്യമാകും. കസ്റ്റം ആപ്പ് ഐക്കണുകള്‍, നാവിഗേഷന്‍ ബാര്‍, ദൈര്‍ഘ്യമേറിയ വീഡിയോ അപ്‍ലോഡിംഗ്, അണ്‍ ഡു ട്വീറ്റ് തുടങ്ങിയ നിരവധി പ്രീമിയം ഫീച്ചറുകള്‍ ട്വീറ്റര്‍ ബ്ലൂ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.