
ഇന്ത്യയിലെ മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണം അടച്ചുപൂട്ടി ട്വിറ്റർ ഇൻകോർപ്പറേറ്റ്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ട്വിറ്റർ ആവശ്യപ്പെട്ടിട്ടുണ്ട്. ചെലവ് കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഓഫീസുകൾ അടച്ചുപൂട്ടിയതെന്നാണ് സൂചന. കഴിഞ്ഞ വർഷം അവസാനത്തോടെ ഇന്ത്യയിലെ ഏകദേശം 90 ശതമാനം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിട്ടുണ്ട്. രാഷ്ട്രീയ കേന്ദ്രമായ ദില്ലിയിലെയും സാമ്പത്തിക കേന്ദ്രമായ മുംബൈയിലെയും ഓഫീസുകൾ അടച്ചുപൂട്ടി. അതേസമയം സാങ്കേതിക കേന്ദ്രമായ ബെംഗളൂരുവിലെ ഓഫീസ് പ്രവർത്തനം തുടരും. എന്നാൽ ഇതുവരെ ഇതിനെകുറിച്ച് ട്വിറ്ററിന്റെ ഇന്ത്യയിലുള്ള അധികൃതർ പ്രതികരിച്ചിട്ടില്ല. മെറ്റാ പ്ലാറ്റ്‌ഫോംസ് ഇങ്ക് മുതൽ ആൽഫബെറ്റ് ഇങ്ക് വരെയുള്ള യുഎസ് ടെക് ഭീമൻമാരുടെ ഒരു പ്രധാന വളർച്ചാ വിപണിയായി ഇന്ത്യ കണക്കാക്കപ്പെടുന്നു.ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ഓഫീസ് ട്വിറ്റർ അടച്ചുപൂട്ടുന്നതിലൂടെ സൂചിപ്പിക്കുന്നത് ഇലോൺ മാസ്ക് ഇപ്പോൾ വിപണിക്ക് പ്രാധാന്യം നൽകുന്നില്ല എന്നതാണ്.
44 ബില്യൺ ഡോളർ കരാറിൽ ഇലോൺ മസ്‌ക് ട്വിറ്ററിനെ വാങ്ങിയത് മുതലാണ് പരിഷകരണങ്ങൾ വരുന്നത്. കനത്ത നഷ്ടം നേരിട്ട മസ്കിന് ചെലവ് കുറയ്ക്കാൻ വിവിധ മാർഗങ്ങളാണ് വന്നത്. പാപ്പരത്തെക്കുറിച്ചുള്ള ആശങ്ക വരെ ഉയർന്നു വന്നിരുന്നു. സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തിയതും ഓഫീസുകൾ അടച്ചുപൂട്ടുന്നതും ഇത്തരത്തിൽ ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങളാണ്.