ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും ഇന്നു മുതല്‍ ട്വിററര്‍ ബ്ലൂ സൗകര്യം ലഭ്യമാകും. തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമാണ് നേരത്തെ ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രിപ്ഷന്‍ സൗകര്യമുണ്ടായിരുന്നത്.അക്കൗണ്ടിന്റെ ആധികാരികത ഉറപ്പാക്കുന്ന ബ്ലൂടിക്ക് ലഭിക്കുന്നതിനാണ് ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രൈബ് ചെയ്യേണ്ടത്.മാസം 650 രൂപ വീതം അടച്ച്‌ വെബ്സൈറ്റിലും 900 രൂപ അടച്ച്‌ മൊബൈലിലും ഉപയോഗിക്കാം. വാര്‍ഷിക സബ്സ്ക്രിപ്ഷന് 1000 രൂപയുടെ ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 7800 രൂപക്ക് പകരം 6800 രൂപ അടച്ച്‌ വാര്‍ഷിക സബ്സ്ക്രിപ്ഷനും നേടാം.
നേരത്തെ, ബ്ലൂടിക്കിന് പ്രത്യേകം അപേക്ഷിക്കണമായിരുന്നെങ്കിലും പണം അടക്കേണ്ടതില്ലായിരുന്നു.
ട്വിറ്റര്‍ ബ്ലൂ ഉപയോക്താക്കള്‍ക്ക് ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനും ദൈര്‍ഘ്യമേറിയ വിഡിയോകള്‍ അപ്ലോഡ് ചെയ്യാനും സാധിക്കും. ട്വീറ്റുകള്‍ പോസ്റ്റ് ചെയ്ത് 30 മിനിട്ടിനുള്ളില്‍ അഞ്ചു തവണ വരെ എഡിറ്റ് ചെയ്യാം. ട്വിറ്റര്‍ ബ്ലൂ ഉപയോക്താക്കള്‍ക്ക് 50 ശതമാനം പരസ്യങ്ങള്‍ മാത്രമേ കാണണ്ടി വരികയുള്ളു. മാത്രമല്ല, പുതിയ ഫീച്ചറുകള്‍ ആദ്യം ലഭ്യമാകുന്നതും ഇവര്‍ക്കായിരിക്കും.