വെമ്പായത്ത് നിന്നും നാല് കിലോമീറ്റര്‍ അകലെ, വെമ്പായം-ഒഴുക്കുപാറ റൂട്ടിൽ, മാണിക്കൽ പഞ്ചായത്തില്‍ മദപുരം എന്ന സ്ഥലത്താണ് തമ്പുരാൻ പാറ. രാമായണകാലത്ത്, ഹനുമാൻ, മരുത്വാമലയുമായി ലങ്കയിലേക്ക് പോകുമ്പോള്‍ അതിന്‍റെ ഒരുഭാഗം ഇവിടെ വീണെന്നും അങ്ങനെയാണ് തമ്പുരാൻ പാറ രൂപപ്പെട്ടതെന്നും ഒരു കഥയുണ്ട്. തിരക്ക് അത്ര പ്രിയമില്ലാത്തവര്‍ക്ക് പോകാന്‍ പറ്റിയ ഒരിടമാണ് തമ്പുരാൻ പാറ.

സമുദ്രനിരപ്പിൽ നിന്ന് 700 അടി ഉയരത്തിലാണ് ഈ പാറക്കൂട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ചെറിയൊരു ട്രെക്കിംഗ് നടത്തിവേണം, പാറയ്ക്ക് മുകളില്‍ എത്താന്‍. ഈയിടെയായി തിരക്ക് വർധിച്ചതിനാൽ സുരക്ഷിതമായ യാത്രയ്ക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പാറയുടെ മുകളിൽ കൈവരി ഒരുക്കിയിട്ടുണ്ട്.

മുകളിലെ 15 അടി ഉയരമുള്ള ഗണപതി ശിലാവിഗ്രഹമാണ് മറ്റൊരു ആകർഷണം. ഇവിടെ ഒരു ചെറിയ ശിവക്ഷേത്രവുമുണ്ട്. കൂടാതെ ഈ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരിക്കലും വറ്റാത്ത ചെറിയ നീരുറവകളുണ്ട്. വളരെക്കാലം മുമ്പ്, ഈ ഉറവകളിൽ നിന്നുള്ള വെള്ളം ക്ഷേത്രത്തിലെ ആചാരങ്ങൾക്കായി എടുത്തിരുന്നു.