കേരള സംസ്ഥാന ചലചിത്ര വികസന കോര്‍പ്പറേഷന്റെ ‘വനിത സംവിധായകരുടെ സിനിമ’ പദ്ധതി പ്രകാരം നിര്‍മിച്ച രണ്ടാമത്തെ ചിത്രമായ ‘ ഡിവോഴ്‌സ് ‘ ഇന്ന് തീയറ്ററുകളില്‍ എത്തുന്നു. ആറ് സ്ത്രീകളുടെ ജീവതവും അവരുടെ അതിജീവിതാനുഭവങ്ങളും പങ്കുവെയ്ക്കുന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മിനി ഐ.ജി ആണ്. ഡിവോഴ്‌സില്‍ കൂടി കടന്നു പോകുന്ന വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ആറ് സ്ത്രീകളുടെ ജീവിതമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഇവര്‍ തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നീതിന്യായ കോടതിയിലെത്തുന്നു. നിയമം അതിന്റെ വ്യവസ്ഥാപിതമായ അളവുകോലുകള്‍ വച്ച്‌ ഓരോരുത്തരുടെയും ജീവിതം പുനര്‍ നിര്‍ണയിക്കുന്നു. സന്തോഷ് കീഴാറ്റൂര്‍, പി ശ്രീകുമാര്‍, ശിബല ഫറാഹ്, അഖില നാഥ്, പ്രിയംവദ കൃഷ്ണന്‍, അശ്വതി ചാന്ദ് കിഷോര്‍, കെ.പി.എ.സി ലീല, അമലേന്ദു, ചന്ദുനാഥ്, മണിക്കുട്ടന്‍, അരുണാംശു, ഇഷിതാ സുധീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍.