രാജ്യത്തെ മരുന്നുകളുടെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും നിര്‍മാണം നിയന്ത്രിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് ഉടന്‍ ലഭിച്ചേക്കും. നേരത്തെ ഈ അവകാശം സംസ്ഥാനങ്ങള്‍ക്കായിരുന്നു. നിയമത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്, അത് ഉടന്‍ തന്നെ ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിക്കും. ബില്‍ പാസായാല്‍ നിലവിലുള്ള 1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ടിന് പകരമാകും. സംസ്ഥാന ഡ്രഗ് റെഗുലേറ്റര്‍മാര്‍ക്ക് പകരം ഫാര്‍മസ്യൂട്ടിക്കല്‍സിന്റെയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും നിര്‍മാണം നിയന്ത്രിക്കാന്‍ പുതിയ നിയമത്തിലൂടെ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് സാധിക്കും. എന്നിരുന്നാലും, മരുന്നുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ വില്‍പ്പന അതാത് സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ തുടരും.ബില്ലിന് അന്തിമരൂപം നല്‍കുന്നതിന് മുൻപ് കൂടിയാലോചനയ്ക്കായി കരട് സര്‍ക്കാര്‍ മന്ത്രാലയ സമിതിക്ക് അയച്ചിട്ടുണ്ട്. നിലവില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, കോസ്മെറ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അതാത് സംസ്ഥാന സര്‍ക്കാരുകളാണ് നിയന്ത്രിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. എന്നാല്‍, ബില്‍ പാസാകുന്നതോടെ ഈ അവകാശം സിഡിഎസ്‌സിഒ വഴി കേന്ദ്രത്തിലെത്തും.