മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28-ന് ലോകമെമ്പാടും റിലീസ് ചെയ്യും. പൊന്നിയിൻ സെല്‍വൻ -1 ബോക്സോഫീസിൽ വൻ ചരിത്രമാണ് സൃഷ്‍ടിച്ചത്. ചിത്രത്തിന്റെ പ്രമോഷൻ്റെ ആദ്യ പടിയായി ചിത്രത്തിലെ ആദ്യഗാനമായ അകമലർ മാർച്ച് 20 തിങ്കളാഴ്ച പുറത്തിറക്കുമെന്ന് ആണ് അറിയാൻ കഴിയുന്നത്. ഇതറിയിച്ചുകൊണ്ട് ഒരു പോസ്റ്ററും എത്തിയിട്ടുണ്ട്. റഫീക്ക് അഹമ്മദ് രചിച്ച് ഏ.ആർ.റഹ്മാൻ സംഗീത സംവിധാനം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. മണിരത്‍നം പൊന്നിയിൻ സെല്‍വൻ ഒരുക്കിയത് സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ്. വിക്രം, കാർത്തി, ജയം രവി, തൃഷ, ഐശ്വര്യാ റായ്, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, വിക്രം പ്രഭു ,ബാബു ആൻ്റണി, ലാൽ, റിയാസ് ഖാൻ, അശ്വിന്‍ കാകുമാനു, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിങ്ങനെ നിരവധിപേർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തർധാരയിലൂടെയാണ് രണ്ടാം ഭാഗത്തിൻ്റെ സഞ്ചാരം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.