തെന്നിന്ത്യന്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിന്റെ ഏറ്റവും പുതിയ ചിത്രമായ തങ്കലാന്‍. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സിനിമയുടെ റിലീസ് ഓഗസ്റ്റിലാകുമെന്നാണ് റിപ്പോര്‍ട്ട്. വിക്രം തന്റെ കരിയറില്‍ നായകനായി എത്തുന്ന 61-ാം ചിത്രമെന്ന പ്രത്യേകതയും തങ്കലാനുണ്ട്. ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ സ്വര്‍ണ്ണ ഖനിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ സ്വര്‍ണ്ണ ഖനിയില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ‘തങ്കലാന്‍’ എന്ന ചിത്രം ഒരുങ്ങുന്നത്. മലയാളി താരങ്ങളായ പാര്‍വതി തിരുവോത്തും മാളവിക മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ കെ.ഇ ജ്ഞാനവേലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ പശുപതി, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.