
ടൂറിസം ഇടനാഴി വികസനത്തിനായി 50 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപനം. കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊല്ലം അഷ്ടമുടി, ബേപ്പൂർ, ബേക്കൽ, മൂന്നാർ തുടങ്ങിയ കേന്ദ്രങ്ങളെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ടൂറിസം മേഖലയിലും വർക്ക് ഫ്രം ഹോം നടപ്പാക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രാഥമിക ചെലവുകൾക്ക് 10 കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള ടൂറിസം 2.0യുടെ ഒരു സവിശേഷത ഏഴ് ടൂറിസം ഇടനാഴികളെ കണ്ടെത്തിയായിരിക്കും ഇത് ചെയ്യുന്നത് എന്നതാണ്. തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ജലപാത കനാൽ ഇടനാഴി, ദേശീയപാത ഇടനാഴി, ഹെലി ടൂറിസം ഇടനാഴി, ഹിൽ ടൂറിസം ഇടനാഴി, റെയിൽവേ ഇടനാഴി എന്നിവയാണ് ടൂറിസം ഇടനാഴികൾ. സംസ്ഥാനത്തെ അടിസ്ഥാന വികസന പദ്ധതികളുമായി കൈകോർത്ത് ഇവ വികസിപ്പിക്കും. ടൂറിസം ഇടനാഴികളുടെ വികസനത്തിനായി ഈ വർഷം 50 കോടി രൂപ അനുവദിക്കുന്നു.