ചൈനയുടെ സാറ്റലൈറ്റ് വഴിയുള്ള നിരീക്ഷണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഓസ്‌ട്രേലിയന്‍ ബഹിരാകാശ വ്യവസായ രംഗം. വലിയ തോതില്‍ സാറ്റ‌്‌ലൈറ്റുകള്‍ വിക്ഷേപിച്ചുകൊണ്ട് ലോകരാജ്യങ്ങളെ നിരീക്ഷിക്കുന്ന ചൈനീസ് ചാരപ്രവര്‍ത്തനത്തിനെതിരെയാണ് ഓസ്‌ട്രേലിയ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ ശത്രു സാറ്റ്‌ലൈറ്റുകളെ ബഹിരാകാശ മാലിന്യങ്ങളില്ലാതെ നിര്‍വീര്യമാക്കുന്ന പദ്ധതിയുമായി പ്രതിരോധ ബഹിരാകാശ കമാന്‍ഡ് മുന്നോട്ടു പോവുന്നതിനിടെയാണ് ഈ മുന്നറിയിപ്പ്. കഴിഞ്ഞ മാസം ചൈനയുടെ ചാര ബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടത് വലിയതോതില്‍ ചര്‍ച്ചയായിരുന്നു. തങ്ങളുടെ പ്രതിരോധ താവളങ്ങളില്‍ നിന്നുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനാണ് ചൈന ചാരബലൂണ്‍ അയച്ചതെന്നാണ് അമേരിക്ക ആരോപിക്കുന്നത്. വളരെ വിപുലമായ തോതിലാണ് ചൈന ബഹിരാകാശത്തു നിന്നും ചാരപ്രവര്‍ത്തനം നടത്തുന്നതെന്നാണ് ഓസ്‌ട്രേലിയന്‍ സ്‌പേസ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ തലവന്‍ ജെയിംസ് ബ്രൗണ്‍ ആരോപിക്കുന്നത്. തങ്ങളുടെ ശത്രു സാറ്റ്‌ലൈറ്റുകളെ ബഹിരാകാശ മാലിന്യമില്ലാതെ പ്രവര്‍ത്തനരഹിതമാക്കുന്ന പദ്ധതിയുമായി ഓസ്‌ട്രേലിയയുടെ ഡിഫന്‍സ് സ്‌പേസ് കമാന്‍ഡ് മുന്നോട്ടു പോവുകയാണ്. മിസൈലുകള്‍ ഉപയോഗിച്ച് കൃത്രിമോപഗ്രഹങ്ങളെ തകര്‍ത്താല്‍ അവയുടെ ഭാഗങ്ങള്‍ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വെല്ലുവിളിയാവും. ശത്രു സാറ്റ്‌ലൈറ്റുകളെ പ്രവര്‍ത്തന രഹിതമാക്കുന്ന പദ്ധതിക്കായി സ്വന്തം നിലക്കുള്ള ഗവേഷണങ്ങള്‍ ഓസ്‌ട്രേലിയയില്‍ പുരോഗമിക്കുന്നുണ്ട്.