അതിരപ്പള്ളിയിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍തീം പാര്‍ക്ക് അടച്ചിടാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം. പാര്‍ക്കില്‍ എത്തിയ നിരവധി വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് പാര്‍ക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. വെള്ളത്തിന്റെ സാമ്പിളും മറ്റും ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം വന്നിട്ടില്ല. എന്നാല്‍, പ്രാഥമിക വിലയിരുത്തലിന്റെ ഭാഗമായിട്ടാണ് പാര്‍ക്ക് അടച്ചിടാന്‍ സര്‍ക്കാരിന്റെ നിര്‍ദേശം. എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാലയങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളിലാണ് പനി, കണ്ണില്‍ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. എറണാകുളം പനങ്ങാട് പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ നിന്ന് ഉല്ലാസ യാത്രയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളിലാണ് രോഗലക്ഷണങ്ങള്‍ കൂടുതലായി പ്രകടമായത്. കഴിഞ്ഞ മാസം അവസാനമാണ് വിദ്യാര്‍ഥികള്‍ വിനോദ കേന്ദ്രം സന്ദര്‍ശിച്ചത്. വിദ്യാര്‍ഥികളുടെ സന്ദര്‍ശനത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയ വെറ്റിലപ്പാറ നോട്ടര്‍ ഡോം സ്‌കൂളിലെ വിദ്യാര്‍ഥികളിലും പനി ലക്ഷണങ്ങള്‍ പ്രകടമായതായി സ്‌കൂള്‍ അധികൃതര്‍ ആരോഗ്യ വിഭാഗത്തെ അറിയിച്ചു. ജില്ലയില്‍ നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം പാര്‍ക്കില്‍ പരിശോധന നടത്തിയ ശേഷമാണ് പൂട്ടാന്‍ ഉത്തരവിട്ടത്.