നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മോടികൂട്ടി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് ഉമ്മുല്‍ഖുവൈന്‍ ശൈഖ് സായിദ് പാര്‍ക്ക്.കോവിഡ് സമയത്ത് പാര്‍ക്കിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചിരുന്നു. പുതുമകളേറെ ഒരുക്കിയാണ് പൊതുജനങ്ങള്‍ക്കായി പാര്‍ക്കിന്‍റെ കവാടം വീണ്ടും തുറന്നിട്ടിരിക്കുന്നത്.പ്രാദേശിക കലാരൂപങ്ങളെ പാര്‍ക്കില്‍ അവതരിപ്പിക്കാം എന്നതാണ് പ്രത്യേകത. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കലയില്‍ നൈപുണ്യം നേടിയവര്‍ക്കും ഇതൊരു സുവര്‍ണ്ണാവസരമാണ്. പ്രദര്‍ശനാനുമതി മുന്‍കൂട്ടി വാങ്ങണം. പുതിയ പാര്‍ക്കിലെ കാഴ്ചകള്‍ അനുഭവിച്ചറിയാന്‍ ഏവരേയും സ്വാഗതം ചെയ്യുകയാണ് സായിദ് പാര്‍ക്ക്.

പ്രവേശനം സൗജന്യമാണ്. പാര്‍ക്കിലെത്തുന്ന കായിക പ്രേമികള്‍ക്കായി ഫൂട്ബാള്‍, ബാസ്കറ്റ് ബോള്‍, വോളീബാള്‍, ബാഡ്മിന്‍റണ്‍ തുടങ്ങിയ കളികള്‍ക്കായുള്ള ഇടങ്ങളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. പഴയ മതാഫി ചത്വരം വഴി വരുന്നവര്‍ക്ക് മത്സ്യ മാര്‍ക്കറ്റ് ചത്വരത്തില്‍ നിന്നും റോള റോഡ് വഴി രണ്ട് കിലോമീറ്റര്‍ മുന്നോട്ട് പോകുമ്പോൾ വലത് വശത്ത് അല്‍ഹംറ എന്ന സ്ഥലത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരം നാല് മുതല്‍ രാത്രി 11 വരെയാണ് പാര്‍ക്ക് പൊതുജങ്ങള്‍ക്കായി തുറക്കുന്നത്.