
ഷാരൂഖ് ഖാനെ നായകനാക്കി സംവിധായകന്‍ അറ്റ്ലീ ഒരുക്കുന്ന ‘ജവാന്‍’ എന്ന ചിത്രത്തിന്റെ റിലീസ് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ രണ്ടിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. റിലീസ് ഒക്ടോബറിലേയ്ക്ക് നീളാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ചിത്രത്തിന്റെ എഡിറ്റിങ് വര്‍ക്കുകള്‍ നേരത്തെ നിശ്ചയിച്ച സമയത്തിനുള്ളില്‍ തീര്‍ത്ത് ജൂണില്‍ തന്നെ റിലീസ് ചെയ്യാനുള്ള തീവ്രശ്രമത്തിലാണ് അറ്റ്‌ലീയും സംഘവും. ജൂണില്‍ റിലീസ് ചെയ്യാനായില്ലെങ്കില്‍ ഒക്ടോബറിലാകും ചിത്രം തിയേറ്ററുകളിലേയ്ക്ക് എത്തുകയെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. നയന്‍താര നായികയായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരങ്ങള്‍. വിജയ് സേതുപതി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.