അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് സെല്‍ഫി. പൃഥ്വിരാജ് സുരാജ് വെഞ്ഞാറ്റമ്മൂട് എന്നിവര്‍ അഭിനയിച്ച മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് ആണ് സെല്‍ഫി. ചിത്രം ഇന്നലെ ഫെബ്രുവരി 24ന് തിയേറ്ററുകളില്‍ റിലീസ് ആയി. സെല്‍ഫിക്ക് ബോക്‌സ് ഓഫീസില്‍ മോശം തുടക്കമെന്നാണ് റിപ്പോര്‍ട്ട്. അക്ഷയ് കുമാറിന്റെ സിനിമകള്‍ വളരെക്കാലമായി ബോക്‌സ് ഓഫീസില്‍ വേണ്ടത്ര വിജയം നേടുന്നില്ല. സെല്‍ഫിക്കും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. രാജ് മേത്ത സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം ഏകദേശം 3 കോടി രൂപ മാത്രമാണ് നേടിയത്. ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ ചിത്രം 2 കോടി മുതല്‍ 2.50 കോടി വരെ നേടിയിരിക്കാം എന്നാണ് പറയുന്നത്. ചിത്രത്തിന്‍റെ പ്രമോഷന്‍ അടക്കം നിരീക്ഷിച്ച്‌ ബിസിനസ് അനലിസ്റ്റുകള്‍ കണക്കുകൂട്ടിയതിനേക്കാള്‍ വളരെ കുറവാണ് ഇത്. ചില മള്‍ട്ടിപ്ലെക്സുകളില്‍ കാണികള്‍ കുറവായതിനാല്‍ ഷോകള്‍ നടന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സിനിമ നടന്റെ കഥാപാത്രമായി അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയുമാണ് അഭിനയിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.