വായ്പ എടുത്തവരുടെ പലിശഭാരം വര്‍ധിപ്പിച്ച്‌ എസ്ബിഐ വായ്പാനിരക്ക് വീണ്ടും ഉയര്‍ത്തി.എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കാണ് എസ്ബിഐ വര്‍ധിപ്പിച്ചത്. പത്തു ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വന്നു.വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം അടിസ്ഥാന പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ കൂടി വര്‍ധന വരുത്തിയിരുന്നു. നിലവില്‍ 6.5 ശതമാനമാണ് റിപ്പോനിരക്ക്. ഇതിന്റെ ചുവടുപിടിച്ചാണ് എസ്ബിഐ വായ്പാനിരക്ക് ഉയര്‍ത്തിയത്.ഇതോടെ ഒരു മാസം കാലാവധിയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് എട്ടുശതമാനത്തില്‍ നിന്ന് 8.10 ശതമാനമായി. ഒരു വര്‍ഷം കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 8.50 ശതമാനമായാണ് വര്‍ധിച്ചത്. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വായ്പയുടെ കുറഞ്ഞ പലിശനിരക്കാണ് എംസിഎല്‍ആര്‍