വിജയ്, ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യില്‍ വില്ലൻ വേഷത്തിലെത്തുന്നത് സഞ്ജയ് ദത്താണ്. കെജിഎഫിലെ അധീരയെ വെല്ലുന്ന വില്ലൻ ഗെറ്റപ്പിലാകും ലിയോയിൽ ദത്ത് എത്തുകയെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ സഞ്ജയ് ദത്തിന്റെ വർക്കൗട്ട് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഓരോ ദിവസവും കൂടുതൽ കരുത്തനാകുന്നു എന്ന അടിക്കുറിപ്പോടെയാണ് ദത്ത് വർക്കൗട്ട് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ ഒരു വമ്പന്‍ താരനിര തന്നെ ലിയോയുടെ ഭാഗമാകുന്നു. തൃഷയാണ് ചിത്രത്തിൽ നായിക. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്‍റെ ആക്‌ഷൻ കിങ് അര്‍ജുന്‍, സംവിധായകരായ ഗൗതം മേനോന്‍, മിഷ്കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകും.