കെജിഎഫിന്റെ ഗംഭീര വിജയത്തിന് ശേഷം പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സലാറിനെ കാത്തിരിക്കുന്നത്. ഇപ്പോൾ ഇതാ ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ നായികയാകുന്ന ശ്രുതി ഹാസൻ തന്റെ ഭാഗം പൂര്‍ത്തിയാക്കിയെന്നാണ് സലാറിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പ്രശാന്ത് നീലിനൊപ്പം നിൽക്കുന്ന ശ്രുതിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. സലാറില്‍ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എതാണ് മറ്റൊരു സവിശേഷത. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. തീക്ഷ്ണതയുള്ള നോട്ടവും ഗൗരവം കലര്‍ന്ന മുഖഭാവവുമായി നില്‍ക്കുന്ന പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് ചിത്രം വൈറലായിരുന്നു. പ്രഭാസിന്റെ നായക കഥാപാത്രത്തോളം പ്രധാന്യമുള്ള വേഷമാണ് പൃഥ്വിരാജ് കൈകാര്യം ചെയ്യുക. കെജിഎഫിന് സമാനമായി സലാറും രണ്ട് ഭാഗങ്ങളായാകും തിയേറ്ററുകളില്‍ എത്തുകയെന്ന റിപ്പോര്‍ട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഒന്നാം ഭാഗത്തിന് ശേഷം ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കിയുള്ള പ്രോജക്ടിലേയ്ക്ക് പ്രശാന്ത് നീല്‍ കടക്കും. ഇത് പൂര്‍ത്തിയാക്കിയ ശേഷമാകും സലാറിന്റെ രണ്ടാം ഭാഗം ഒരുക്കുകയെന്ന വിവരമാണ് പുറത്തുവരുന്നത്. ജഗപതി ബാബുവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഈ വര്‍ഷം സെപ്റ്റംബറില്‍ സലാര്‍ തിയേറ്ററുകളില്‍ എത്തും.