പ്രഭാസിനെ നായകനാക്കി ‘കെജിഎഫ്’സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘സലാർ’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് പ്രേക്ഷകർ ഏറെയാണ്. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ വലിയ ക്യാന്‍വാസിൽ ഒരുങ്ങുന്ന സലാറിന്റെ റിലീസ് സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്. പ്രശാന്ത് നീൽ ചിത്രം രണ്ട് ഭാഗങ്ങളിലായാണ് എത്തുകയെന്നാണ് റിപ്പോർട്ട്. സലാറിന്റെ ആദ്യ ഭാഗം സെപ്റ്റംബറിൽ തിയറ്ററുകളിൽ എത്തും. എന്നാൽ, കെജിഎഫ് പോലെ തുടരെ സലാറിന്റെ രണ്ട് ഭാഗങ്ങളും റിലീസിന് എത്തില്ല. ഒന്നാം ഭാഗം തിയറ്ററുകളിൽ എത്തിയ ശേഷം ജൂനിയർ എൻടിആറുമായിട്ടുള്ള ചിത്രമായിരിക്കും പ്രശാന്ത് നീൽ ഒരുക്കുക. അതിന് ശേഷം മാത്രമെ സലാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനത്തോടെ സലാറിന്റെ ചിത്രീകരണം പൂർത്തിയേക്കുമെന്നും വിവരമുണ്ട്. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് സലാറിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കറുത്ത ഗോപിക്കുറിയണിഞ്ഞ് കഴുത്തിലും മൂക്കിലുമെല്ലാം ആഭരണങ്ങള്‍ അണിഞ്ഞ് ഒരു വില്ലന്‍ ഛായയിലെത്തിയ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആണ് നായിക. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഭുവന്‍ ഗൌഡ ഛായാഗ്രഹണവും ഉജ്വല്‍ കുല്‍ക്കര്‍ണി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. രവി ബസ്‍രൂര്‍ ആണ് സംഗീത സംവിധാനം.