ശബരിമല(Sabarimala)യില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് 351 കോടിയുടെ വരുമാനം കിട്ടിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ.എസ്.അനന്തഗോപന്‍ അറിയിച്ചു.നാണയങ്ങള്‍ അതിനാല്‍ തന്നെ ഇനിയും എണ്ണിത്തീരാനുണ്ട്. 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടിയെന്നാണ് വിലയിരുത്തല്‍. നാണയം എണ്ണാന്‍ നിയോഗിച്ച ജീവനക്കാര്‍ക്ക് വിശ്രമം നല്‍കാന്‍ ആണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം. തുടര്‍ച്ചയായി ജോലി ചെയുന്ന ജീവനക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്ന് പരാതി ഉണ്ടായിരുന്നു. എഴുപത് ദിവസമായി ജീവനക്കാര്‍ ജോലി ചെയ്യുകയാണ്. ബാക്കിയുള്ള നാണയങ്ങള്‍ ഫെബ്രുവരി 5 മുതലായിരിക്കും എണ്ണുന്നത്.
ശബരിമലയില്‍ വഴിപാടായി ലഭിക്കുന്ന വന്‍ നാണയ ശേഖരം എണ്ണിത്തിട്ടപ്പെടുത്താന്‍ (Coin counting in Sabarimala temple) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിക്കാന്‍ ആലോചനയിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇത് സംബന്ധിച്ച്‌ രണ്ട് പദ്ധതികളുടെ നിര്‍ദേശങ്ങള്‍ ഇതിനോടകം തന്നെ ബോര്‍ഡിന് ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ ഒരു എഞ്ചിനീയറിങ് കോളേജില്‍ നിന്നും, മറ്റൊന്ന് കേരളത്തിലെ തന്നെ ഒരു സംരംഭകനില്‍ നിന്നുമാണ് പ്രപ്പോസല്‍ ലഭിച്ചത്.

എഞ്ചിനീയറിങ് കോളേജിലെ AI വിഭാഗത്തില്‍ നിന്നുള്ള സംഘം ഇതിന്റെ ഒരു പ്രാഥമിക രൂപവും പ്രവര്‍ത്തനവും വിശദീകരിച്ചതായി ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കോളേജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എല്ലാ നിര്‍ദേശങ്ങളും പരിശോധിച്ച ശേഷം, സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമാകും ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ ശബരിമലയില്‍ നാണയങ്ങള്‍ വേര്‍തിരിക്കുന്ന മൂന്ന് യന്ത്രങ്ങളാണുള്ളത്. അവ നാണയങ്ങള്‍ കൂട്ടമായി വേര്‍തിരിക്കുന്നു. വഴിപാട് പെട്ടികളില്‍ നിക്ഷേപിച്ചിരിക്കുന്ന അരി, പൂക്കള്‍, മടക്കിയ കറന്‍സികള്‍ എന്നിവ പോലുള്ള മറ്റ് വസ്തുക്കള്‍ നീക്കം ചെയ്തുകൊണ്ടാണ് ഈ വേര്‍തിരിക്കാന്‍ പ്രക്രിയ നടക്കുന്നത്. എന്നാല്‍ ഇത് നാണയത്തിന്റെ മൂല്യം അനുസരിച്ച്‌ വേര്‍തിരിക്കുന്നില്ല.