തമിഴ് നടൻ സൂര്യയെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു എന്ന വാർത്ത മലയാളികളെ ഏറെ ആവേശത്തിലാക്കിയിരുന്നു. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ, ടൈസൺ എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകനാകുന്നു എന്ന റിപ്പോർട്ടുകളായിരുന്നു പുറത്തുവന്നത്. ഈ ചിത്രത്തിൽ സൂര്യ നായകനാകുമെന്ന വാർത്തകളാണ് പ്രചരിച്ചത്. ഇപ്പോൾ ഇതാ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പൃഥ്വിരാജിൻ്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുകയാണ്. സൂര്യയെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബയോപിക് ചിത്രം ഇല്ലെന്നും എമ്പുരാനും ടൈസണുമാണ് പൃഥ്വിരാജ് ഇനി സംവിധാനം ചെയ്യുന്ന ചിത്രങ്ങളെന്നും പൊഫാക്ഷ്യോ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ബിസ്കറ്റ് കിംഗ് എന്ന് അറിയപ്പെട്ട വ്യവസായി രാജന്‍ പിള്ളയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള പ്രോജക്ടിലാണ് പൃഥ്വിരാജും സൂര്യയും ഒന്നിക്കുകയെന്ന വിവരമായിരുന്നു പുറത്തുവന്നത്. ചിത്രത്തിൽ രാജന്‍ പിള്ളയായി സ്ക്രീനില്‍ എത്തുക സൂര്യ ആയിരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പൃഥ്വിരാജും ഭാര്യ സുപ്രിയയും നിൽക്കുന്ന ചിത്രം പൃഥ്വിരാജ് അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇതാണ് പുതിയ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയത്. നിലവിൽ ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ എന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തനങ്ങളുമായി പൃഥ്വിരാജ് മുന്നോട്ട് പോകുകയാണ്. എമ്പുരാന് ശേഷം പൃഥിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടൈസൺ. കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ നായകനാകുന്നതും പൃഥ്വി തന്നെയാണ്.