ഗോവയിലെ ബീച്ചുകളില്‍ ജീവന്‍ രക്ഷിക്കാനായി റോബോട്ടുകള്‍ സജ്ജം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സെല്‍ഫ്-ഡ്രൈവിങ് റോബോട്ടായ ഔറസും എ.ഐ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനമായ ട്രൈറ്റണുമാണ് ഗോവയിലെ ബീച്ചുകളില്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാനായി ഒരുങ്ങിയിരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ലൈഫ് ഗാര്‍ഡ് സേവന ഏജന്‍സി അറിയിച്ചു.
ഗോവയുടെ തീരപ്രദേശത്ത് ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ, ബീച്ചുമായി ബന്ധപ്പെട്ട അപകടങ്ങള്‍ കൂടുന്നതിനെ തുടര്‍ന്നാണ് എ.ഐ അടിസ്ഥാനമാക്കിയുള്ള രക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് വക്താവ് അറിയിച്ചു. ‘തീരദേശ മേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇതിന് ഏജന്‍സിയുടെ ജീവന്‍ രക്ഷാപ്രവര്‍ത്തകരുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.”സെല്‍ഫ് ഡ്രൈവിങ് റോബോട്ടായ ഔറസിനെ രക്ഷാപ്രവര്‍ത്തകരെ സഹായിക്കുന്നതിനായാണ് വികസിപ്പിച്ചെടുത്തത്. ബീച്ചിലെ നീന്താന്‍ അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ പെട്രോളിങ് നടത്താന്‍ കഴിയുന്ന ഔറസിന് വിനോദസഞ്ചാരികള്‍ക്ക് ഉയര്‍ന്ന തിരമാലയെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കാന്‍ കഴിയുമെന്നും പുതിയ അതിഥികള്‍ ബീച്ചുകളില്‍ കൂടുതല്‍ നിരീക്ഷണത്തിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.