പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റി- റിലീസിന്. വാലന്റൈൻ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 10മുതലാകും ഹൃദയം റിലീസ് ചെയ്യുകയെന്ന് നിർമ്മാതാവ് വിശാഖ് സുബ്ര​ഹ്മണ്യം അറിയിച്ചു. 2022 ആദ്യം മലയാള സിനിമയിൽ വിജയം കൊണ്ടുവന്ന ചിത്രം പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയമാണ്. 2022 ജനുവരി 21ന് ആയിരുന്നു റിലീസ്. കൊവിഡ് പ്രതിസന്ധികളെ തരണം ചെയ്ത് റിലീസ് ചെയ്ത സിനിമ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടിയോളം രൂപ നേടിയിരുന്നു. 100 ദിവസം പൂർത്തിയാക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും ആയിരുന്നു നായികമാർ.

കൊച്ചി, ചെന്നൈ, ബാം​ഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാകും ഹൃദയം ആദ്യ റിലീസ്. വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇം​ഗ്ലീഷിൽ നിന്നും ടൈറ്റാനിക്കും ഹിന്ദിയിൽ‌ ഷാരൂഖിന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയും തമാഷയും(Tamasha), തമിഴിൽ‌ നിന്നും വിണ്ണൈത്താണ്ടി വരുവായ, മിന്നലെ എന്നീ ചിത്രങ്ങളും റി- റിലീസ് ചെയ്യുന്നുണ്ടെന്നാണ് വിവരം. അതേസമയം മലയാളത്തിൽ നിന്നും നിവിൻ പോളിയുടെ പ്രണയവും റിലീസ് ചെയ്യുന്നുണ്ടെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളൈ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രതികരണങ്ങൾ വന്നിട്ടില്ല.