ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പോലിസ് എത്തിയതിന് പിന്നാലെ പാകിസ്ഥാനിൽ വ്യാപക പ്രതിഷേധം. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയെന്ന നിലയിൽ തനിക്ക് ലഭിച്ച സമ്മാനങ്ങൾ വിദേശ പ്രമുഖർക്ക് വിറ്റതായി പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരുന്നു. ലാഹോറിലെ ഇമ്രാന്റെ വസതിക്ക് മുന്നിൽ പിടിഐ പ്രവർത്തകരും ഇമ്രാൻ അനുകൂലികളും പോലീസിനെ തടഞ്ഞുവച്ചു.

കഴിഞ്ഞയാഴ്ചയാണ് തോഷകാന കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് അഴിമതി വിരുദ്ധ കോടതി കണ്ടെത്തിയത്. സമൻസ് ലഭിച്ചിട്ടും ഇമ്രാൻ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പിന്നീട് പോലീസ് എത്തിയപ്പോൾ ആയിരത്തോളം പേർ ഇമ്രാന്റെ വീടിന് മുന്നിൽ അണിനിരന്ന് പോലീസിനെ അകത്തേക്ക് കടക്കുന്നത് തടഞ്ഞിരുന്നു.

ഇമ്രാനെ അറസ്റ്റ് ചെയ്യാൻ എത്തുന്നതിന് മുമ്പ് ഇമ്രാന്റെ വീട്ടിലേക്കുള്ള വഴികളെല്ലാം കണ്ടെയ്‌നറുകളുമായി പോലീസ് തടഞ്ഞിരുന്നു. നിരവധി പോലീസുകാരെ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. അറസ്റ്റ് തടയാൻ ഇമ്രാന്റെ വീടിന് പുറത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് അനുയായികളെ പിരിച്ചുവിടാൻ പാകിസ്ഥാൻ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. അതിനിടെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ പിടിഐ അനുഭാവി കൊല്ലപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തുന്നത്.

അതിനിടെ, വീടിന് പുറത്ത് പോലീസും അനുയായികളും തമ്മിൽ സംഘർഷം നടക്കുന്നതിനിടെയാണ് ഇമ്രാൻ ഖാൻ വീഡിയോ സന്ദേശം പുറത്തുവിട്ടത്. “പോലീസ് എന്നെ അറസ്റ്റ് ചെയ്യാൻ വന്നിരിക്കുന്നു. എന്നെ അറസ്റ്റ് ചെയ്താൽ രാജ്യം ഉറങ്ങുമെന്ന് അവർ കരുതുന്നു. ഇമ്രാൻ വീഡിയോയിൽ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കണം. എന്നാൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാതെ മടങ്ങില്ലെന്ന് പൊലീസ് അറിയിച്ചു.