തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും.ഇതിന് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണമെന്ന് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തണം. ‘വൃത്തിയുള്ള കേരളം, വാലിച്ചേരിയൽ മുക്തകേരളം’ കാമ്പയിന്റെ ഭാഗമായി മാലിന്യക്കൂമ്പാരങ്ങൾ, ജംഗ്‌ഷനുകൾ, ചെറുപട്ടണങ്ങൾ, പൊതു ഇടങ്ങൾ, അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങൾ, മാളുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, മാർക്കറ്റുകൾ, കമ്യൂണിറ്റി ഹാളുകൾ, കല്യാണമണ്ഡപങ്ങൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകൾ തുടങ്ങിയവ. വൃത്തിയാക്കി മാലിന്യമുക്തമായി പ്രഖ്യാപിക്കും

കൊതുകു പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ചകളിൽ വീടുകളിലും സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും വെള്ളിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണം. ഓരോ വകുപ്പിലും ഫണ്ടിന്റെ ലഭ്യത ജില്ലാ കളക്ടർമാർ ഉറപ്പാക്കണം

സംസ്ഥാന ദുരന്തനിവാരണ സമിതിയുടെയും കാലാവസ്ഥാ വകുപ്പിന്റെയും മുന്നറിയിപ്പുകളും സുരക്ഷാ മുൻകരുതലുകളും പഞ്ചായത്ത് വാർഡ് തലം വരെ എത്തിക്കുന്നുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അധികൃതർ ഉറപ്പാക്കണം.

മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, എം ബി രാജേഷ്, വീണാ ജോർജ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ വി വേണു, ശാരദാ മുരളീധരൻ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.