ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത് വരുന്ന ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ അനുവദിക്കുക, പ്രധാന ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റുകളെല്ലാം തന്നെ പരിശോധനയ്ക്ക് വിധേയമാക്കുക. തുടങ്ങിയവ നിര്‍ബന്ധമാക്കുന്ന സുരക്ഷാ നിയമത്തിന് കേന്ദ്രം പദ്ധതിയിടുന്നുണ്ടെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്. സാംസങ്, ഷാവോമി, വിവോ, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്ക് പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകളിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കാന്‍ ഈ നിയമം കാരണമായേക്കും. പുതിയ നിയമം അനുസരിച്ച് സ്മാര്‍ട്‌ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തുവരുന്ന എല്ലാ ആപ്പുകളും അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യം കമ്പനികള്‍ ഒരുക്കേണ്ടിവരും. നിലവില്‍ ഫോണുകളില്‍ ഗൂഗിളിന്റേയും സ്മാര്‍ട്‌ഫോണ്‍ ബ്രാന്റിന്റേയും ആപ്പുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തുവരുന്നുണ്ട്. . ഇവയില്‍ ചിലത് മാത്രമേ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇതിന് പുറമെ പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലുകളെല്ലാം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ് ഏജന്‍സി അധികാരപ്പെടുത്തുന്ന ഒരു ഏജന്‍സി പരിശോധിക്കും. ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റുകള്‍ പുറത്തിറക്കുന്നതിന് മുമ്പ് പരിശോധന നടത്തുകയും ചെയ്യും.