
പുതിയ- പഴയ കാലത്തെ പ്രണയ നിമിഷങ്ങൾ ഒപ്പിയെടുത്ത സിനിമ. ക്യാമ്പസും റൊമാൻസും നൊസ്റ്റാൾജിയയും ചേർന്ന ഒരു കുടുംബ ചിത്രമാണ് പ്രണയ വിലാസം എന്ന് ഒറ്റവാക്കിൽ പറയാം. സൂരജ് (അർജുൻ അശോകൻ), ഗോപിക(മമിത ബൈജു), അനുശ്രീ(, മീര(മിയ), സൂരജിന്റെ അച്ഛൻ, വിനോദ്(ഹക്കിം ഷാ) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ക്യാമ്പസ് പശ്ചാത്തലത്തിൽ ആരംഭിക്കുന്ന സിനിമ, ഒരു പ്രണയക്കടൽ ആയിരിക്കുമെന്ന സൂചനകൾ ആദ്യമെ നൽകുന്നുണ്ട്. മമിതയും അർജുനും തമ്മിലുള്ള കെമിസ്ട്രിയും പ്രണയവും പ്രേക്ഷക മനസ്സിൽ ഇടംനേടിയെന്ന് ഉറപ്പിച്ച് പറയാനാകും. പഴയ- പുതിയകാല പ്രണയവും പ്രണയ നഷ്ടവും വർഷങ്ങൾക്ക് ശേഷം സ്നേഹിച്ചവർ കണ്ടുമുട്ടിയാൽ എങ്ങനെ ആകും തുടങ്ങിയ മനോഹര നിമിഷങ്ങൾ ഗംഭീരമായി തന്നെ സംവിധായകൻ നിഖില്‍ മുരളി സ്ക്രീനിൽ എത്തിച്ചിരിക്കുന്നു.
കോമഡിയുടെ ചെറിയ ലാഞ്ചനയുള്ള ചിത്രം അച്ഛന്റെയും മകന്റെയും പ്രണയം പറഞ്ഞ് മുന്നോട്ട് പോകുന്നിടത്താണ് കഥയുടെ ഗതി മാറുന്നത്. ട്വിസ്റ്റുകൾ സമ്മാനിച്ചാണ് ആദ്യ പകുതി അവസാനിക്കുന്നത്. ആദ്യ പകുതിയിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു തലമാണ് രണ്ടാം പകുതി. അനശ്വര – ഹക്കീം ഷാ കൂട്ടുകെട്ടാണ് ഈ ഭാഗത്തെ ഹൈലൈറ്റ്. ഇരുവരും തങ്ങളുടെ ഭാഗങ്ങൾ മനോഹരമായി തന്നെ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. അനശ്വരയുടെ പ്രകടനം പ്രത്യേകം കയ്യടി അർഹിക്കുന്നുണ്ട്. ഒരു വ്യക്തിക്ക് തന്റെ ആദ്യ പ്രണയം ഒരിക്കലും മറക്കാനാകില്ലെന്ന് പറഞ്ഞ് വയ്ക്കുന്നുണ്ട് ഈ പ്രണയ വിലാസം. വീടിന്റെ അകത്തളത്തില്‍, ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന സ്ത്രീക്ക് ഒരു മനസ്സുണ്ടെന്നും അത് മനസ്സിലാക്കാന്‍ പലപ്പോഴും ആരും ശ്രമിക്കാറില്ലെന്ന ആശയവും ചിത്രം മുന്നോട്ട് വയ്ക്കുന്നു.