ന്യൂമോണിയ, മെനിഞ്ചൈറ്റിസ് രോഗങ്ങളെ പ്രതിരോധിക്കാൻ ഒന്നരമാസം മുതൽ കുട്ടികൾക്ക് കൊടുത്ത് തുടങ്ങേണ്ട ന്യൂമോകോക്കൽ കോൺജുഗേറ്റ് (പി.സി.വി.) കുത്തിവെപ്പിന് സർക്കാർ ആശുപത്രികളിൽ ക്ഷാമം. വാക്സിൻ കൃത്യമായി ലഭിക്കാത്തതിനാൽ നിശ്ചിതസമയത്തിനുശേഷം മാസങ്ങൾ കഴിഞ്ഞാണ് കുട്ടികൾക്ക് കുത്തിവെപ്പ് എടുക്കാൻ ആവുന്നത്. അങ്കണവാടി, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലൂടെയാണ് കൂടുതൽ പേർക്കും വാക്സിൻ നൽകിയിരുന്നത്. ഇവിടങ്ങളിൽനിന്ന് തുടക്കം മുതലേ കൃത്യമായി പി.സി.വി. ലഭിച്ചിരുന്നില്ല. ഇപ്പോൾ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലും പി.സി.വി. വാക്സിൻ ഇല്ലെന്നാണ് അധികൃതർ പറയുന്നത്. കേന്ദ്രസർക്കാരാണ് സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകുന്നത്.സംസ്ഥാനത്തിന് വാക്സിൻ നൽകുന്നതിൽ വന്ന കുറവാണ് ക്ഷാമത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.