നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററിലേക്ക് എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ജനുവരി 25ന് തിയറ്ററിൽ എത്തും. പഠാന്റേതായി പുറത്തുവന്ന പ്രമോഷണൽ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ ​ഗാനത്തിന്റെ പേരിൽ വിവാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും എസ്ആർകെ ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടെങ്കിലും അതൊന്നും തന്നെ പത്താനെ ബാധിച്ചില്ലെന്നാണ് പുതിയ വിവരം.
അതേ സമയം അഡ്വാന്‍സ് ബുക്കിംഗില്‍ ഇതുവരെയുള്ള റെക്കോഡുകള്‍ തകര്‍ക്കുന്ന പ്രതികരണമാണ പഠാന് ലഭിക്കുന്നത് എന്നാണ് വിവരം. ഷാരൂഖ് ഖാൻ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ഇതുവരെ 20 കോടി കടന്നുവെന്നാണ് വിവരം. കൊവിഡിനു ശേഷമുള്ള ബോളിവുഡ് റിലീസുകളില്‍ രണ്‍ബീര്‍ കപൂറിന്‍റെ ബ്രഹ്മാസ്ത്ര സൃഷ്ടിച്ച റെക്കോഡ് പഠാന്‍ മറികടന്നു. 19.66 കോടിയാണ് ബ്രഹ്മാസ്ത്ര അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരുന്നത്. അതേ സമയം ഉത്തരേന്ത്യയെക്കാള്‍ പഠാന്‍റെ അഡ്വാന്‍സ് ബുക്കിംഗിന് കൂടുതല്‍ പ്രതികരണം ദക്ഷിണേന്ത്യയില്‍ നിന്നാണ് എന്നാണ് റിപ്പോര്‍ട്ട്. 3500-ലധികം സ്‌ക്രീനുകളില്‍ പത്താൻ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ആദ്യമായി ഒരു ഷാരൂഖ് സിനിമയുടെ റിലീസ് അതിരാവിലെ നടക്കും എന്ന് റിപ്പോര്‍ട്ടുണ്ട്.
രാവിലെ 6 മണിക്ക് റിലീസ് ചെയ്യുന്ന ആദ്യ ഷാരൂഖ് ഖാന്റെ ചിത്രമായിരിക്കും പത്താൻ എന്നാണ് ഏറ്റവും പുതിയ വിവരം. ഹിന്ദി ചിത്രങ്ങള്‍ അതിരാവിലെ റിലീസ് എന്ന പതിവ് സാധാരണയായി ഇല്ല. തമിഴിലും തെലുങ്കിലും അടക്കം ദക്ഷിണേന്ത്യന്‍ സിനിമകളിലാണ് സാധാരണയായി അര്‍ദ്ധ രാത്രി പുലര്‍ച്ചെ ഷോകള്‍ നടക്കാറ്. പതിറ്റാണ്ടുകളായി തുടരുന്ന ഈ ട്രെന്‍റാണ് പത്താൻ ബോളിവുഡിലേക്ക് എത്തിക്കുന്നത്.