ബോളിവുഡ് ചിത്രങ്ങളുടെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ പേര് രേഖപ്പെടുത്തി ഷാരൂഖ് ഖാന്‍ ചിത്രം പത്താൻ.നാല് വര്‍ഷങ്ങള്‍ക്കു ശേഷം കിംഗ് ഖാന്‍റേതായി തിയറ്ററുകളില്‍ എത്തിയ ചിത്രം കൊവിഡ്‍കാല തകര്‍ച്ചയ്ക്കു ശേഷം ബോളിവുഡ് ഏറെ പ്രതീക്ഷയര്‍പ്പിച്ച ചിത്രമായിരുന്നു. മുന്‍പ് അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍ ചിത്രങ്ങളൊക്കെ എത്തിയപ്പോഴും ഇന്‍ഡസ്ട്രി ഇത്തരത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നുവെങ്കിലും ബോളിവുഡിന് അവശ്യം വേണ്ടിയിരുന്ന ജീവശ്വാസം നല്‍കുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ റിലീസ് ദിനം മുതല്‍ വന്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയ പഠാന്‍ ആ പ്രതീക്ഷകളെ വേണ്ടവിധം നിറവേറ്റി, എന്നു മാത്രമല്ല ഇപ്പോഴിതാ ഇന്ത്യയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലേക്കും ഇടംപിടിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ കളക്ഷനില്‍ ഒരു ബോളിവുഡ് ചിത്രം ആദ്യമായാണ് 500 കോടി നേടുന്നത്. ഒരു ഹിന്ദി ചിത്രത്തിന്‍റെ നെറ്റ് കളക്ഷന്‍ പരിഗണിക്കുമ്പോഴാണ് ഇത്. ഹിന്ദിക്ക് പുറമെ പഠാന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ കൂടി ചേര്‍ന്ന് 502.45 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. വിദേശ മാര്‍ക്കറ്റുകളിലും വന്‍ പ്രതികരണം നേടിയ ചിത്രം അവിടങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 44.5 മില്യണ്‍ ഡോളര്‍ ആണ്.