ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ എന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും ശനിയാഴ്ച്ച കൊച്ചിയിൽ നടന്നു. സെൻട്രൽ മാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകരും അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്തു. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപത്രത്തെ ഒരു വൈൽഡ് ഫോട്ടോഗ്രാഫർ എന്നു പരിചയപ്പെടുത്തിക്കൊണ്ടാണ് ട്രയിലറിന്റെ തുടക്കം. ജിജ്ഞാസ പരത്തുന്ന നിരവധി രംഗങ്ങളും തൊട്ടു പിറകേയുണ്ട്. ദുരൂഹതകൾ ഏറെ ഒളിപ്പിക്കുന്ന ഒരു ത്രില്ലർ ചിത്രമാണന്ന് വെളിവാക്കുന്നതാണ് ട്രെയിലർ. കുഞ്ചാക്കോ ബോബൻ, രജിഷാ വിജയൻ, ഗുരു സോമസുന്ദരം, കെ.യു. മനോജ്, സീത, ഗോകുലം ഗോപാലൻ, വഞ്ചിയൂർ പ്രവീൺ, ജയ്സ് ജോസ്, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.