ഭക്ഷ്യസുരക്ഷാ മാനദണ്ഡപ്രകാരമുളള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുളള സമയപരിധി ഒരുമാസത്തേയ്ക്ക് കൂടി നീട്ടി. നിബന്ധനകളെല്ലാം പാലിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡെന്ന ലക്ഷ്യം കൈവരിക്കാനാകാത്തതിനേ തുടര്‍ന്നാണ് മൂന്നാം തവണയും സമയം നീട്ടിയത്. വരും ദിവസങ്ങളില്‍ പരിശോധനയ്ക്കൊപ്പം ബോധവത്കരണവും നടത്തും. മൂന്ന് ലക്ഷത്തിലേറെ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുണ്ടെന്നാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ അവസാന കണക്കുകള്‍. ഹെല്‍ത്ത് കാര്‍ഡിന് നിര്‍ബന്ധമാക്കിയ ടൈഫോയിഡ് വാക്സീന്‍ ഇപ്പോഴും സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമാക്കാനായട്ടില്ല. നിബന്ധനകള്‍ പാലിച്ച് ബാക്കിയുളളവര്‍ക്ക് കൂടി ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ സാവകാശം നല്കിയ ശേഷമായിരിക്കും നിയമ നടപടികളിലേയ്ക്ക് കടക്കുകയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.