പുതുതലമുറയുടെ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഓ മൈ ഡാർലിംഗ്. ബാലതാരമായി എത്തി മലയാളി സിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അനിഖ സുരേന്ദ്രൻ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ ഡാ‍ർലിംഗ് എന്ന ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കൊറിയൻ ഗായികയായ ലിൻഡ ക്വെറോ ആണ് പാട്ടിന്റെ രചനയും ആലാപനവും. ഷാൻ റഹ്മാൻ ആണ് സംഗീതം നൽകിയിരിക്കുന്നത്.യുവതലമുറയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും ചേർത്താണ് ഗാനം ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ടീസറും ട്രയിലറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിംഗും എം വിജീഷ് പിള്ള ക്രിയേറ്റീവ് ഡയറക്ടയറും ആണ്.