ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം. ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയില്‍ ഇടംനേടിയത് ഇക്കാരണത്താല്‍ ആയിരുന്നു. ആദില്‍ മൈമൂനത്ത് അഷറഫ് എന്ന നവാഗതന്‍ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും ആത്യന്തികമായി തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന സിനിമയാണ്. മനുഷ്യ ബന്ധങ്ങളെക്കുറിച്ചുള്ള സാമൂഹികമായ മുന്‍വിധികളും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളും തമ്മിലുണ്ടാകുന്ന സംഘര്‍ഷം എക്കാലത്തും സിനിമയുടെ ഇഷ്ട വിഷയമായിരുന്നു. ലിംഗസമത്വം പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുന്ന കാലത്ത് അതിന്‍റെ ഗൌരവത്തെ ഉള്‍ക്കൊണ്ട് വിഷയത്തെ നോക്കിക്കാണാന്‍ ശ്രമിക്കുന്ന ചിത്രമാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. തിരച്ചുവരവിനായി ഭാവന തെരഞ്ഞെടുത്ത ചിത്രം അതിന്‍റെ വിഷയ ഗൌരവം കൊണ്ടും ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.ലുക്ക് ആന്‍ഡ് ഫീലില്‍ കാലികമായ പ്രസരിപ്പോടെ എത്തിയിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അരുണ്‍ റുഷ്ദിയാണ്. ബിജിബാലിന്‍റെ പശ്ചാത്തല സംഗീതം ചിത്രത്തെ ഒരു മ്യൂസിക്കലിന്‍റെ തലത്തിലേക്ക് പലപ്പോഴും എത്തിക്കുന്നുണ്ട്. നിഷാന്ത് രാംടെകെ, പോള്‍ മാത്യൂസ്, ജോക്കര്‍ ബ്ലൂസ് എന്നിവരുടേതാണ് ചിത്രത്തിലെ ഗാനങ്ങള്‍.